തിരുവല്ല: മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ പൈതൃകം കൈമോശം വരാതെ കാത്ത് സൂക്ഷിക്കുകയും വരും തലമുറയിലേക്കു സന്നിവേശിപ്പിക്കുകയും ചെയ്ത കർമയോഗിയായിരുന്നു ഫാ. മാത്യു ചെമ്പോത്തിനാലെന്ന് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ.
ഫാ. മാത്യു ചെമ്പോത്തിനാലിന്റെ 25-ാം അനുസ്മരണവും അവാർഡ് ദാനവും തിരുവല്ല സെന്റ് ജോൺസ് കത്തീഡ്രലിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സംഗീതത്തിൽ സാധ്യമല്ല എന്ന് കരുതിയ പല കാര്യങ്ങളും സഭയിൽ സാധ്യമാക്കിയ മല്പാനായിരുന്നു ഫാ. മാത്യു ചെന്പോത്തിനാൽ. സുറിയാനി ഭാഷയുടെയും ആധ്യാത്മികതയുടെയും നേർമുഖമായിരുന്നു ചെമ്പോത്തിനാലച്ചനെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ആർച്ച്ബിഷപ് ഡോ. തോമസ് മാർ കൂറിലോസ് അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ഡോ. ജോർജ് ഓണക്കൂർ മുഖ്യപ്രഭാഷണം നടത്തി. ഫാ. മാത്യു ചെമ്പോത്തിനാലിന്റെ സ്മരണാർഥം തിരുവല്ല അതിരൂപത ഏർപ്പെടുത്തിയ പരിശുദ്ധാത്മാവിന്റെ ഓടക്കുഴൽ എന്ന പ്രഥമ അവാർഡ് മലങ്കര ഓർത്തഡോക്സ് സഭയിലെ റവ. ഡോ. എം.പി. ജോർജ് കോർഎപ്പിസ്കോപ്പ കർദിനാളിൽ നിന്നും ഏറ്റുവാങ്ങി.
ബിഷപ് ഡോ. ഏബ്രഹാം മാർ യൂലിയോസ്, ജെറി അമൽദേവ്,റവ ഡോ. ഐസക് പറപ്പള്ളിൽ, റവ.ഡോ. എം.പി. ജോർജ് കോർഎപ്പിസ്കോപ്പ, സിസ്റ്റർ സാഫല്യ എസ്ഐസി, ഡോ. വർഗീസ് കെ ചെറിയാൻ, ഷാജി മാത്യു കൂളിയാട്ട് തുടങ്ങിയവർ പ്രസംഗിച്ചു. ഫാ. മാത്യു ചെമ്പോത്തിനാൽ രചിച്ച് സംഗീതം നൽകിയ ഗാനങ്ങൾ 25 അംഗ ഗായകസംഘം സദസിൽ അവതരിപ്പിച്ചു.